മധുവധക്കേസ് പ്രതികള്‍ സാക്ഷികളെ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്

അട്ടപ്പാടി മധുവധക്കേസിലെ 11 പ്രതികള്‍ സാക്ഷികളെ വിളിച്ചതിന്റെ രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സാക്ഷി വിസ്താരത്തിന് ഹാജരാകുന്നതിന് തൊട്ട് മുന്‍പ് വരെ പ്രതികളും സാക്ഷികളും തമ്മിലുള്ള കോള്‍ രേഖകളാണ് ഇവ.

മരയ്ക്കാര്‍, ഷംസുദീന്‍, നജീബ്, സജീവ് തുടങ്ങിയ പ്രതികളാണ് കൂടുതല്‍ തവണയും സാക്ഷികളുമായി ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത്. ചില സാക്ഷികളെ 63 തവണ വരെ പ്രതികള്‍ വിളിച്ചിട്ടുണ്ട്. ഫോണ്‍ വിളികളെല്ലാം സാക്ഷി വിസ്താരം തുടങ്ങുന്നതിന് മുന്‍പുള്ള മാസങ്ങളിലാണ്. പ്രതികളുമായി അടുപ്പം പുലര്‍ത്തിയ 8 പേര്‍ ഇതുവരെ കൂറുമാറിയിട്ടുണ്ട്. സാക്ഷികള്‍ മൊഴിമാറ്റിയതിന് പിന്നാലെയാണ് പ്രതികള്‍ പലരും ജാമ്യ ഉപാതികള്‍ ലംഘിച്ച് സാക്ഷികളെ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ പുറത്ത് വരുന്നത്.

അതേസമയം, പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഈ മാസം 16ന് കോടതി പരിഗണിക്കും. ഇതിനുശേഷം ആയിരിക്കും കേസില്‍ ഇനി കൂടുതല്‍ സാക്ഷി വിസ്താരം ഉണ്ടാവുക.