സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർത്ഥ രാഷ്ട്രീയക്കാർ; സൗജന്യ പ്രഖ്യാപനങ്ങളെ വിമർശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനങ്ങളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർത്ഥ രാഷ്ട്രീയക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. പാനിപ്പത്തിലെ എഥനോൾ പ്ലാന്റ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇത്തരം പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സ്വയംപര്യാപ്തതയെ തടയുമെന്നും രാജ്യത്തെ കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം പ്രഖ്യാപനങ്ങൾ നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. കറുത്ത വസ്ത്രം അണിഞ്ഞുള്ള കോൺഗ്രസ് പ്രതിഷേധത്തെ മോദി പരിഹസിച്ചു. കറുത്ത വസ്ത്രം ധരിക്കുന്നതിലൂടെ തങ്ങളുടെ നിരാശയുടെ കാലഘട്ടം അവസാനിക്കുമെന്ന് ചിലർ കരുതുന്നു. കോൺഗ്രസ് പ്രതിഷേധം ദുർമന്ത്രവാദമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.