അന്ന് വൈകിയാണെങ്കിലും അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത്; വിശദീകരണവുമായി എറണാകുളം ജില്ലാ കളക്ടർ രേണുരാജ്

കൊച്ചി: ഓഗസ്റ്റ് നാലിന് രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈകി അവധി പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പത്തിൽ വിശദീകരണവുമായി എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ്. അന്ന് വൈകിയാണെങ്കിലും അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണെന്ന് കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സംസാരിക്കവെയാണ് കളക്ടർ വിശദീകരണം നൽകിയത്. ഓഗസ്റ്റ് നാലിന് എറണാകുളം ജില്ലയിൽ ജില്ലാ കളക്ടർ വൈകി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. തുടർന്നാണ് കളക്ടർ വിശദീകരണവുമായി രംഗത്തെത്തിയത്.

അന്ന് എറണാകുളം ജില്ലയിൽ റെഡ് അലെർട്ട് ഉണ്ടായിരുന്നില്ല. രാവിലെയാണ് കാലാവസ്ഥ മോശമാകുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചത്. ശക്തമായ മഴയും ഉണ്ടായിരുന്നു. അതേത്തുടർന്ന് കുട്ടികളുടെ സുരക്ഷയും അസൗകര്യവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. അപ്പോൾ അങ്ങനെ തീരുമാനമെടുക്കാനേ കഴിയുമായിരുന്നുള്ളൂ. അതിൽ തെറ്റുപറ്റിയിട്ടില്ല. ഇനി ഇത്തരം ആശയക്കുഴപ്പമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും രേണു രാജ് അറിയിച്ചു.

കളക്ടർ ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വലിയൊരു വിഭാഗം കുട്ടികളും സ്‌കൂളിൽ എത്തിയിരുന്നു. ഇതോടെയാണ് കളക്ടർക്കെതിരെ പല ഭാഗത്ത് നിന്നും വിമർശനമുണ്ടായത്.