ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും സ്ഥാനമേറ്റു; തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

പാട്ന: ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും സ്ഥാനമേറ്റു. ബിജെപി ബന്ധം ഉപേക്ഷിച്ച ശേഷം മുഖ്യമന്ത്രിസ്ഥാനം രാജിവച്ച നിതീഷ് കുമാർ കോൺഗ്രസും ഇടതുപാർട്ടികളും ചേർന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. മുൻപ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു.

ഗവർണർ ഫഗു ചൗഹാനാണ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിഹാറിൽ വരും ദിവസങ്ങളിൽ മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നാണ് വിവരം. രണ്ടാം തവണയാണ് നിതീഷ്- തേജസ്വി കൂട്ടുകെട്ട് ബീഹാറിൽ അധികാരത്തിൽ എത്തുന്നത്. നിതീഷ് കുമാർ ഇത്തരത്തിൽ ആദ്യം അധികാരമേറ്റത് 2015 ലായിരുന്നു. എന്നാൽ 2017 ൽ ആർ ജെ ഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബി ജെ പിയുമായി സഖ്യത്തിലായി. ഒടുവിൽ ഈ ബന്ധത്തിലും വിള്ളിൽ വീഴുകയായിരുന്നു.

മന്ത്രിസഭാ രൂപീകരണത്തിൽ സുപ്രധാന വകുപ്പുകൾ ആർ ജെ ഡിക്കായിരിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ആർ ജെ ഡി സ്പീക്കർ പദവിയും ആഭ്യന്തര മന്ത്രിസ്ഥാനവും നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.