ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 10 മുതല്‍

ഷാര്‍ജ: ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഒന്‍പതാം പതിപ്പ് ഒക്ടോബര്‍ 10 മുതല്‍ 15 വരെ അല്‍ ജവഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. യു എ ഇ ഉള്‍പ്പെടെ 43 രാജ്യങ്ങളില്‍നിന്നുള്ള നൂറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ മാധ്യമകലാഭിരുചി വളര്‍ത്താന്‍ ലക്ഷ്യമിട്ട് ഷാര്‍ജ ആസ്ഥാനമായുള്ള ‘ഫണ്‍’ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ ഫ്രാന്‍സ്, യു കെ, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നാണു കൂടുതല്‍ ചിത്രങ്ങള്‍. 89 രാജ്യങ്ങളില്‍ നിന്ന് 1,717 ചിത്രങ്ങളുടെ എന്‍ട്രിയാണ് ഇത്തവണ ലഭിച്ചത്. ഫ്രാന്‍സ്, യു എസ്, യു എ ഇ എന്നീ െരാജ്യങ്ങളില്‍നിന്നായിരുന്നു കൂടുതല്‍ എന്‍ട്രികള്‍. ഏഴ് വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് (എസ് സി എഫ് എ) ചെയര്‍പേഴ്സണ്‍ ഷെയ്ഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ചിത്രങ്ങളില്‍ 29 എണ്ണം ആനിമേഷനുകളാണ്. ഫീച്ചര്‍ ഫിലിമുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി വര്‍ധിച്ചു, 17 എണ്ണം. ഫ്രാന്‍സില്‍നിന്നുള്ള എന്‍ട്രികളില്‍ 16 എണ്ണം വിദ്യാര്‍ഥികളുടെ സിനിമകളാണ്.

12 ചിത്രങ്ങള്‍ വീതമുള്ള, ചൈല്‍ഡ് ആന്‍ഡ് യൂത്ത് മേഡ് വിഭാഗത്തില്‍ യുകെയില്‍നിന്നുള്ളവയാണ് കൂടുതലും. ജി സി സിയില്‍ നിന്നുള്ള ഹ്രസ്വചിത്രങ്ങളില്‍ ഭൂരിഭാഗവും സൗദി അറേബ്യയില്‍ നിന്നുള്ളവയാണ്. ഏഴ് ഡോക്യുമെന്ററികളും ഏഴ് അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിമുകളും ഈ വര്‍ഷത്തെ പ്രദര്‍ശനത്തിലുണ്ട്.