പ്രതിരോധ മേഖലയിലും പാകിസ്താനുമായി സഹകരിക്കാൻ ചൈന; പാക് അധിനിവേശ കശ്മീരിൽ ചൈന നിർമാണ പ്രവർത്തനം നടത്തുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാകിസ്താനുമായുള്ള ബന്ധം ദൃഢമാക്കി ചൈന. സാമ്പത്തിക ഇടനാഴിക്ക് പുറമേ പ്രതിരോധ മേഖലയിലും പാകിസ്താനുമായി സഹകരിക്കാനാണ് ചൈനയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പാക് അധിനിവേശ കശ്മീരിൽ ചൈന പ്രതിരോധ മേഖലയിൽ നിർമാണ പ്രവർത്തനം നടത്തുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

പാക് അധിനിവേശ കശ്മീരിലെ ഷർദ്ദ മേഖലയിലാണ് പന്ത്രണ്ടോളം ചൈനീസ് പട്ടാളക്കാരെ കണ്ടെതെന്നാണ് വിവരം. പാക് സൈന്യത്തിനായി ചൈന ഭൂഗർഭ ബങ്കർ നിർമിക്കുകയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

കശ്മീരിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറ്റം നടത്തുന്ന നീലം താഴ്വരയ്ക്ക് സമീപം കേൽ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈനീസ് എൻജിനീയർമാർ പാകിസ്താനായി നിർമാണപ്രവർത്തനം നടത്തുന്നത്. ഇതിന് പുറമെ സിന്ധ് മേഖലയിലും ബലൂചിസ്താനിലും ചൈന നിർമാണ പ്രവർത്തനം നടത്തുന്നുണ്ട്. പാക് സൈന്യത്തെ സഹായിക്കുന്നതിന് വേണ്ടിയാകാം ചൈന ഇത്തരമൊരു നിർമ്മാണം നടത്തുന്നതെന്നാണ് വിലയിരുത്തൽ.