ഇത് തന്നെ വേദനിപ്പിക്കുന്നു; ഹിന്ദി സിനിമ ബഹിഷ്‌കരിക്കുന്ന പ്രവണതയെ പ്രോത്സാഹിപ്പിക്കരുതെന്ന് അക്ഷയ് കുമാര്‍

ഹിന്ദി സിനിമകള്‍ ബഹിഷ്‌കരിക്കുന്നതില്‍ വിമര്‍ശനവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ രംഗത്ത്. അടുത്തിടെ ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും ആലിയ ഭട്ടിന്റെ ഡാര്‍ലിംഗ്സും ബഹിഷ്‌കരിക്കാന്‍ ആളുകള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.

ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യരുതെന്നാണ് അക്ഷയ് കുമാറിന് പറയാനുള്ളത്. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും എല്ലാവര്‍ക്കും അവര്‍ക്കാവശ്യമുള്ളതെന്തും ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആളുകള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ ഹിന്ദി സിനിമകള്‍ ബഹിഷ്‌കരിക്കുകയാണ്. ഇത് തന്നെ വേദനിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവണതയെ പ്രോത്സാഹിപ്പിക്കരുത്. നല്ല രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് മനസിലാക്കണമെന്നും താരം പറഞ്ഞു.

‘ഇങ്ങനെയൊക്കെ ചെയ്യുന്നവരുണ്ട്. അവര്‍ ദ്രോഹങ്ങള്‍ ചെയ്യുന്നു, കുഴപ്പമില്ല. ഇതൊരു സ്വതന്ത്ര രാജ്യമാണ്. എല്ലാവര്‍ക്കും ഇഷ്ടമുള്ളത് ചെയ്യാന്‍ അനുവാദമുണ്ട്. ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്‌ബോള്‍ എന്തെങ്കിലും അര്‍ത്ഥം ഉണ്ടാകണം. നമ്മളെല്ലാം നമ്മുടെ രാജ്യത്തിന് അഭിമാനം ഉണ്ടാകുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വികൃതികളായ ആളുകളാണ് ഇതിന് പിന്നില്‍’, അക്ഷയ് കുമാര്‍ ചൂണ്ടിക്കാട്ടി.