ഭാരത് ജോഡോ യാത്ര; കന്യാകുമാരി മുതൽ കശ്മീർ വരെ പദയാത്ര നടത്താൻ കോൺഗ്രസ്

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര നടത്താനൊരുങ്ങി കോൺഗ്രസ്. കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽ നടയായി നടത്തുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് നയിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ നീക്കം.

യാത്രയുടെ സംസ്ഥാന കോഓർഡിനേറ്റർകൊടിക്കുന്നിൽ സുരേഷ് എംപിയാണ്. ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങി 148 ദിവസം നീളുന്ന പദയാത്രയാണ് കോൺഗ്രസ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ യോഗം ചേരുകയും ചെയ്തിരുന്നു.

കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ദൈനംദിന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതായിരിക്കും ഈ പദയാത്രയെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. യുവാക്കളും പ്രായമായവരുമെല്ലാം ഈ പദയാത്രയുടെ ഭാഗമാകും. ആരോഗ്യ പ്രശ്‌നങ്ങളും പ്രായത്തിന്റേതായ വെല്ലുവിളികളും മറികടന്ന് ഈ യാത്രയുടെ ഭാഗമാകാനുള്ള വഴികൾ തന്നെപ്പോലുള്ള മുതിർന്ന നേതാക്കൾ കണ്ടെത്തേണ്ടി വരുമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.