റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്; ഭവന-വാഹന വായ്പാ പലിശനിരക്ക് കൂടും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് അര ശതമാനം കൂട്ടിയതോടെ ഭവന-വാഹന വായ്പയുടെ പലിശനിരക്ക് വര്‍ദ്ധിക്കും. നിലവില്‍ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിന് മുകളില്‍ തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണയും മുഖ്യപലിശനിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കാറ്റഗറി-1 അംഗീകൃത ഡീലര്‍മാര്‍ക്ക് അനുവദനീയമായ എല്ലാ ഫോറെക്‌സ് മാര്‍ക്കറ്റ് നിര്‍മ്മാണ സൗകര്യങ്ങളും സ്റ്റാന്‍ഡലോണ്‍ പ്രൈമറി ഡീലര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

‘ഭക്ഷ്യ എണ്ണ വില ഇനിയും കുറയാന്‍ സാധ്യതയുണ്ട്. കരുതല്‍ കറന്‍സികളേക്കാളും ഏഷ്യന്‍ കറന്‍സികളേക്കാളും രൂപ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ മാക്രോ അടിസ്ഥാന ഘടകങ്ങളിലെ ഏതെങ്കിലും ബലഹീനതയെക്കാള്‍ ഡോളറിന്റെ ശക്തിയാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. രൂപയുടെ സ്ഥിരത നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ബാങ്ക് വായ്പാ വളര്‍ച്ച കഴിഞ്ഞ വര്‍ഷം 5.5 ശതമാനത്തില്‍ നിന്ന് 14 ശതമാനം ത്വരിതഗതിയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ 13.3 ബില്യണ്‍ ഡോളറിന്റെ മൂലധന നിക്ഷേപം പിന്‍വലിക്കപ്പെട്ട പ്രശ്‌നം നേരിടുകയാണ്’- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.