ഇന്ത്യയില്‍ ദിനംപ്രതി ജനാധിപത്യം കൊല ചെയ്യപ്പെടുന്നു: രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ ജനാധിപത്യം മരിച്ചെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സ്വേച്ഛാധിപത്യം ആസ്വദിക്കുകയാണോ എന്നും രാഹുല്‍ ചോദിക്കുന്നു.

‘ദിനംപ്രതി ജനാധിപത്യം കൊലചെയ്യപ്പെടുന്നു. നാല് പേരുടെ ഏകാധിപത്യമാണ് ഇന്ന് നടക്കുന്നത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് ജനങ്ങളുമായി സംസാരിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ സംസാരിക്കാന്‍ പ്രതിപക്ഷത്തിന് അനുവാദമില്ല. എതിര്‍ക്കുന്നവരെ കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുന്നു. ഇതാണ് ഇന്ത്യയുടെ അവസ്ഥ. 70 വര്‍ഷത്തെ ജനാധിപത്യം വെറും എട്ട് കൊല്ലം കൊണ്ട് അവസാനിച്ചു. രാജ്യത്തെ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും കരുത്തിലാണ് പ്രതിപക്ഷം നിലകൊള്ളുന്നത്. എന്നാല്‍, ഇന്ന് ഈ സ്ഥാപനങ്ങളെല്ലാം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും സ്വതന്ത്രമല്ല. കോണ്‍ഗ്രസ് പോരാട്ടം രാഷ്ട്രീയ പാര്‍ട്ടികളോടല്ല, മറിച്ച് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ്. എന്നാല്‍, ഇന്ന് ആരെങ്കിലും പ്രതിപക്ഷത്തെ പിന്തുണയ്ക്കുകയാണെങ്കില്‍ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്’- രാഹുല്‍ വ്യക്തമാക്കി.

അതേസമയം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ജിഎസ്ടി, അന്വേഷണ ഏജന്‍സിയുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.