എൽപിജി വില ഏറ്റവും കുറവ് ഇന്ത്യയിൽ; പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയായി ഏഴ് രാജ്യങ്ങളിലെ വില പുറത്ത് വിട്ട് കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണെന്ന് ആരോപിച്ച് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ, പാചക വാതകം ലോകരാജ്യങ്ങളിൽ തന്നെ ഏറ്റവും വിലകുറവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.

ഡൽഹിയിൽ 1,053 രൂപയാണ് എൽപിജി 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില. ലോകരാജ്യങ്ങളുടെ കണക്കെടുത്ത് പരിശോധിച്ചാൽ ഇത് കുറവാണെന്നാണ് കേന്ദ്രമന്ത്രി വിശദീകരിക്കുന്നത്. ഇതിനായി വിവിധ രാജ്യങ്ങളിലെ വിലയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിൽ 1,053 രൂപയും പാകിസ്ഥാൻ 1,113.73 രൂപയും നേപ്പാളിൽ 1,139.93 രൂപയും ശ്രീലങ്കയിൽ 1,343.32 രൂപയും യുഎസ് 1,754.26 രൂപയും ഓസ്ട്രേലിയ 1,764.67 രൂപയും കാനഡയിൽ 2,411.20 രൂപയുമാണ് എൽപിജി നിരക്ക്.

ഇന്ധനം, എൽ പി ജി എന്നിവയിൽ ഒരു രാജ്യത്തെ മാത്രം ഒറ്റപ്പെടുത്തി വില നോക്കാൽ കഴിയില്ലെന്നും, ആഗോള വിപണിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കണമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് വില സ്ഥിരത നിലനിർത്താൻ മോദി സർക്കാരിന് കഴിഞ്ഞു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഏകദേശം 200 രൂപ കുറച്ചു. അഡ്മിനിസ്ട്രേറ്റീവ് പ്രൈസിംഗ് മെക്കാനിസത്തിന് കീഴിലാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.