നടിയെ ആക്രമിച്ച കേസ്: ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ആര്‍. ശ്രീലേഖയുടെ ഗൂഢാലോചനക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നു

കൊച്ചി: ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ നുണ പ്രചരണം തള്ളിക്കളയണമെന്നും അവര്‍ക്കെതിരെ കേസെടുത്ത് നിയമനടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അതിജീവിതയ്‌ക്കൊപ്പം കൂട്ടായ്മ ജൂലായ് 15 വെള്ളിയാഴ്ച വൈകുന്നേരം 3:00 മണിക്ക് എറണാകുളം വഞ്ചി സ്‌ക്വയര്‍ പരിസരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

‘ആര്‍.ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണം നടിയെ ആക്രമിച്ച കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കോടതിയുടെ പരിഗണനയിലുള്ള തെളിവുകള്‍ വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് നടത്തിയ നുണപ്രചരണങ്ങള്‍ കോടതിയലക്ഷ്യവും എട്ടാം പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ കേസിലെ ഒന്നാംപ്രതി ലൈംഗിക പീഡനം നടത്തി ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടിയതായി ഡിജിപി ആയിരുന്ന കാലത്ത് തനിക്ക് അറിയാമായിരുന്നു എന്ന പ്രസ്താവന സര്‍വീസില്‍ ഇരിക്കെ ഒരു ഐപിഎസ് ഉദ്യോഗസ്ഥ ക്രിമിനല്‍ പ്രതിയെ സംരക്ഷിച്ചു എന്ന വെളിപ്പെടുത്തലാണ്. വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താന്‍ ഒരു ക്രിമിനല്‍ കുറ്റവാളിക്ക് അവസരം ഒരുക്കി കൊടുത്തതിന് സ്ത്രീ സമൂഹത്തോട് അവര്‍ മാപ്പ് പറയണം’- കൂട്ടായ്മ ആവശ്യപ്പെട്ടു.