മുംബൈ: മഹാരാഷ്ട്രയിൽ ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതിയിൽ യഥാക്രമം 5 രൂപയും 3 രൂപയും കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.
പുതിയ വില പ്രാബല്യത്തിൽ വരുന്നതോടെ മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 106.35 രൂപയായി കുറയും. 111.35 രൂപയാണ് നിലവിലെ വില. മുംബൈയിൽ ഡീസൽ വില ലിറ്ററിന് 97.28 രൂപയിൽ നിന്ന് 3 രൂപ കുറഞ്ഞ് 94.28 രൂപയിലുമെത്തും.
പൂനെയിൽ പെട്രോൾ വില ലിറ്ററിന് 105.88 രൂപയും ഡീസലിന് ഒരു ലിറ്ററിന് 92.37 രൂപയുമാകും. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ താനെയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 106.49 രൂപയായി കുറയും. ഡീസൽ വില ലിറ്ററിന് 94.42 രൂപയുമാകും.

