തിരുവനന്തപുരം: വി ഡി സതീശനെതിരെ നോട്ടീസ് അയച്ച് കോടതി. ആർഎസ്എസ് ആചാര്യൻ എം എസ് ഗോൾവാൾക്കർക്കെതിരെ പ്രസ്താവന നടത്തിയതിനാണ് വി ഡി സതീശനെതിരെ നോട്ടീസ് അയച്ചത്. കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയാണ് നോട്ടീസ് നൽകിയത്.
അടുത്ത മാസം 12 ന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആർഎസ്എസിന്റെ പ്രാന്ത സംഘ ചാലക് കെ കെ ബാലറാമാണ് സതീശനെതിരെ കേസ് ഫയൽ ചെയ്തത്.
ആർഎസ്എസ് ആചാര്യനായ ഗോൾവാൾക്കറിന്റെ വിചാരധാര എന്ന പുസ്തകത്തിൽ ഭരണഘടന സംബന്ധിച്ച് സജി ചെറിയാൻ പറഞ്ഞ അതേവാക്കുകൾ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതിന് പിന്നാലെ ആർഎസ്എസ് വി ഡി സതീശന് നോട്ടീസ് അയച്ചിരുന്നു.
സജി ചെറിയാൻ പറഞ്ഞ അതേവാക്കുകൾ വിചാരധാരയിൽ എവിടെയാണെന്ന് അറിയിക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ പ്രസ്താവന പിൻവലിക്കണമെന്നായിരുന്നു ആർഎസ്എസ് പറഞ്ഞത്. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ആർഎസ്എസ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

