പാലാ: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടെ അന്തര്‍ദ്ദേശീയ വനിതാ കായികതാരത്തെ കൈയേറ്റം ചെയ്തു. ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്ബില്‍ വെള്ളി മെഡല്‍ ജേതാവായ നീന പിന്റോയെയാണ് ഇന്നലെ രാത്രി ഏഴരയോടെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കാനെത്തിയ യുവാവ് അപമാനിച്ചത്. സംഭവത്തെ തുടര്‍ന്ന് നീനയും ഭര്‍ത്താവും പരിശീലകനുമായ പിന്റോയും സ്റ്റേഡിയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി.
നീന പരിശീലനം നടത്തുന്നതിനിടയില്‍ യുവാവ് ട്രാക്കിലൂടെ പലതവണ തടസം സൃഷ്ടിച്ച് നടന്നു. ഇത് കണ്ട നീന അടുത്ത ട്രാക്കിലേക്ക് ഒന്ന് മാറി നടക്കാമോ എന്ന് യുവാവിനോട് ചോദിച്ചു. ഇതില്‍ പ്രകോപിതനായ ഇയാള്‍ നീനയേയും ഭര്‍ത്താവ് പിന്റോയെയും അസഭ്യം വിളിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി.
അതേസമയം, വിവരമറിഞ്ഞ് പാലാ പൊലീസ് സ്ഥലത്തെത്തിയെങ്കിലും തങ്ങളോട് രാവിലെ സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ പറഞ്ഞ് സ്ഥലം വിട്ടതായി നീന പറയുന്നു. താരം പ്രതിഷേധിച്ചതോടെ പാലാ സി.ഐ കെ.പി. ടോംസണ്‍ രാത്രി സ്ഥലത്തെത്തി കായികതാരവുമായി സംസാരിച്ചു. കുറ്റവാളിക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതായി നീന പറഞ്ഞു.

