ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ജൂലൈ 21 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് സോണിയാ ഗാന്ധിയ്ക്ക് സമൻസ് അയച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിക്ക് സോണിയ ഗാന്ധി നേരത്തെ കത്തയച്ചിരുന്നു.
ജൂൺ 8 ന് ഹാജരാകമെന്നായിരുന്നു സോണിയ ഗാന്ധിയോട് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടിയിരുന്നു. പിന്നീട് ജൂൺ 12 ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടെങ്കിലും സോണിയാ ഗാന്ധി ചോദ്യം ചെയ്യലിന് സാവകാശം തേടി.
നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതിൽ കള്ളപണ ഇടപാട് നടന്നുവെന്നാണ് പരാതിയാണ് എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്ന് ആരോപിച്ച് സുബ്രഹ്മണ്യ സ്വാമിയാണ് പരാതി നൽകിയത്.

