ഇന്ത്യ എന്നും ശ്രീലങ്കക്കൊപ്പം: എസ്. ജയശങ്കര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

‘എല്ലാക്കാലത്തും ശ്രീലങ്കയ്ക്ക് ഒപ്പം നിലകൊണ്ട രാജ്യമാണ് ഇന്ത്യ. എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. നിലവില്‍ അവിടെ നിന്നുള്ള അഭയാര്‍ഥി കുടിയേറ്റ പ്രതിസന്ധിയില്ല’- കേരളത്തിലെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, അയല്‍ക്കാരുടെ മോശം അവസ്ഥയില്‍ അവരെ സഹായിക്കുകയെന്നതും ഒപ്പം നില്‍ക്കുകയുമാണ് ഇന്ത്യയുടെ നയം. ഈ സാഹചര്യത്തെ അതിജീവിക്കാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചുള്ള ശ്രീലങ്കയുടെ നീക്കത്തോടും ഇന്ത്യക്ക് അനുകൂല പ്രതികരണമായിരുന്നു. ഇന്ത്യ 350 കോടി ഡോളറിന്റെ സഹായം ശ്രീലങ്കയ്ക്ക് നല്‍കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യന്‍ ജനതയും കേന്ദ്ര സര്‍ക്കാരും 25 ടണ്‍ അവശ്യ മരുന്നുകളുള്‍പ്പെടെ വിതരണം ചെയ്തിരുന്നു.