ന്യൂഡൽഹി: ടെലികോം സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ പദ്ധതിയിട്ട് ഗൗതം അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ നടപടി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും, സുനിൽ ഭാരതി മിത്തലിന്റെ എയർടെലിനും അപ്രതീക്ഷിത വെല്ലുവിളിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂലൈ 26 നാണ് ഇന്ത്യയിൽ 5ജി സ്പെക്ട്രം ലേലം നടക്കുന്നത്. വെള്ളിയാഴ്ച്ചയായിരുന്നു ലേലത്തിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
ജിയോയും, എയർടെലും, വോഡഫോൺ ഐഡിയയും ലേലത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. അടുത്തിടെ നാഷണൽ ലോങ് ഡിസ്റ്റൻസ് (എൻഎൽഡി), ഇന്റർനാഷണൽ ലോങ് ഡിസ്റ്റൻസ്(ഐഎൽഡി) ലൈസൻസുകൾ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലേലത്തിന്റെ സമയക്രമം അനുസരിച്ച് ജൂലൈ 12 ന് ലേലത്തിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കും. ആരെല്ലാമാണ് ലേലത്തിൽ പങ്കെടുക്കുന്നതെന്ന് അപ്പോൾ വ്യക്തമാകും. ആകെ 4.3 ലക്ഷം കോടി വിലവരുന്ന 72,097.85 മെഗാഹെർട്സ് സ്പെക്ട്രമാണ് ലേലത്തിന് വെക്കുക.
600 മെഗാഹെർട്സ്, 700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് തുടങ്ങിയ ലോ ഫ്രീക്വൻസികൾക്കും, 3300 മെഗാഹെർട്സ് മിഡ്റേഞ്ച് ഫ്രീക്വൻസിക്കും 26 ഗിഗാഹെർട്സ്) ഹൈ റേഞ്ച് ഫ്രീക്വൻസി ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുന്നത്.

