ന്യൂഡൽഹി: മുതിർന്ന നേതാക്കളായ ആനന്ദ് ശർമ്മയും ഗുലാം നബി ആസാദും കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഹിമാചൽ പ്രദേശ്, കശ്മീർ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഇരുവരും നിർണ്ണായക നീക്കം നടത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി ആനന്ദ് ശർമ്മ കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ വാർത്തകൾ തള്ളി ആനന്ദ് ശർമ്മ രംഗത്തെത്തിയിരുന്നു.
നവംബറിൽ നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ആനന്ദ് ശർമ്മയുടെ നീക്കങ്ങൾ. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയാൽ ഉയർത്തിക്കാട്ടാവുന്ന ഒരു മുഖമായി ആനന്ദ് ശർമ്മയെ അവതരിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നതെന്നാണ് വിവരം. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാർട്ടിയുണ്ടാക്കി ബിജെപി പിന്തുണയോടെ ഗുലാം നബി ആസാദും കളംമാറുമെന്നാണ് വിവരം.
നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയ നേതാക്കളാണ് ആനന്ദ് ശർമ്മയും, ഗുലാം നബി ആസാദും. ഇവരെ രാജ്യസഭയിലേക്ക് പരിഗണിക്കാതിരുന്നതും വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു.

