ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ ജെവാര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കും: കേന്ദ്ര ഗതാഗത മന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ ഉത്തര്‍പ്രദേശിലെ ജെവാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി അറിയിച്ചു.

നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍

‘പദ്ധതിയ്ക്കായി 2,414 കോടി രൂപ അനുവദിച്ചു. രണ്ട് വര്‍ഷത്തെ സമയപരിധിയാണ് പദ്ധതിയ്ക്ക് അനുവദിച്ചിരിക്കുന്നത്. 31.425 കിലോമീറ്റര്‍ നീളമുള്ള റോഡാകും പദ്ധതി പ്രകാരം നിര്‍മിക്കുന്നത്. ആഗ്ര, മഥുര,പശ്ചിമ ഉത്തര്‍പ്രദേശ് തുടങ്ങിയ ഭാഗങ്ങളെയും റോഡ് ബന്ധിപ്പിക്കും. പുതിയ പാത ഡല്‍ഹിയില്‍ നിന്ന് പുതിയ ജെവാര്‍ വിമാനത്താവളത്തിലെത്താന്‍ എളുപ്പ മാര്‍ഗമാകും. 2.5 കിലോമീറ്റര്‍ നീളത്തില്‍ രണ്ട് മേല്‍പ്പാലങ്ങള്‍ ഖുഷിനഗറില്‍ സ്ഥാപിക്കും. ഇതിനായി 42.67 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പണി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും. മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗതാഗത കുരുക്കിന് ശമനമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പുകളാണ് രാജ്യത്ത് നടക്കുന്നത്. പുതിയ ഇന്ത്യയ്ക്ക് ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് ആവശ്യം’- അദ്ദേഹം ചൂണ്ടിക്കാട്ടി.