കെ ഫോണിന് അനുമതി നൽകി കേന്ദ്ര സർക്കാർ; ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാകും

തിരുവനന്തപുരം: കെ ഫോണിന് അനുമതി നൽകി കേന്ദ്ര സർക്കാർ. കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ചാണ് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഉത്തരവിറക്കിയത്. കെ ഫോൺ പദ്ധതിക്കുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ് കെ ഫോൺ പദ്ധതി. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേൻമയോടുകൂടിയും പരമാവധി പേർക്ക് ലഭ്യമാക്കുന്ന ഈ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ജനകീയ ബദൽകൂടിയാണ്.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ പ്രകാരം കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ്വർക്ക് ശൃംഖല, മറ്റവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്‌ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനുമുള്ള അധികാരമുണ്ടാകും.

സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകൾ വഴി സർക്കാർ വിഭാവനം ചെയ്യുന്ന കെ ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായകമാകും.

സംസ്ഥാനത്ത് ദാരിദ്രരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് സേവനം നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. പ്രതിദിനം ഒരു കുടുംബത്തിന് ഒരു ജിബി ഡേറ്റവരെ ഉപയോഗിക്കാം. 100 എംബി വേഗത്തിലായിരിക്കും ഇന്റർനെറ്റിന്റെ വിതരണം. ഇന്റർനെറ്റ് പ്രൊവൈഡർ ലൈസൻസ് ലഭിക്കുന്നതുവരെ പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളടെ സഹായത്തോടെയാകും ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് എത്തിക്കുക.