തൊഴിലിന്റെ അന്തസ്സ് നിലനിർത്തുന്നതിന് ശരിയായ യൂണിഫോം ധരിക്കണം; തിരുവനന്തപുരം ബാർ അസോസിയേഷൻ

തിരുവനന്തപുരം: ജൂനിയർ വക്കീലന്മാർക്ക് ത്രീ ഫോർത്തും സ്ലീവ് ലെസും നിരോധിച്ച് ഉത്തരവിറക്കി തിരുവനന്തപുരം ബാർ അസോസിയേഷൻ. ബാറിലെ ജൂനിയർ അംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് നിരന്തരം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ചില ജൂനിയർ വക്കീലന്മാരുടെ ഭാഗത്ത് നിന്ന് ബഹുമാനമില്ലാത്ത പെരുമാറ്റം ഉണ്ടാകുന്നുവെന്നാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്. ബാറിലെ ചില ജൂനിയർ അംഗങ്ങളുടെ ഉദാസീന മനോഭാവം, മുതിർന്ന അഭിഭാഷകരോട് കാണിക്കുന്ന അനാദരവുള്ള പെരുമാറ്റം, കാഷ്വൽ ഡ്രസ്സിംഗ് രീതി, കോടതികളിലെ സബ്മിഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പരാതികൾ ഉയർന്നിരുന്നത്.

ചില ജൂനിയർ അഭിഭാഷകർ ത്രീ-ഫോർത്ത്, സ്ലീവ് ലെസ് ബ്ലൗസ് എന്നിവ പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. ഇത് തങ്ങളുടെ തൊഴിലിന്റെ നിർബന്ധിത ഡ്രസ്സിംഗ് കോഡിനെ അനാദരിക്കുന്നതാണെന്ന് ബാർ അസോസിയേഷൻ വ്യക്തമാക്കി. നേരത്തെ തന്നെ ഇതിനായി നോട്ടീസ് നൽകിയിരുന്നുവെന്നും ബാർ അസോസിയേഷൻ അറിയിച്ചു. ബാറിലെ മുതിർന്ന അഭിഭാഷകർ അവരുടെ ഓഫീസുമായി ബന്ധപ്പെട്ട ജൂനിയർമാരോട് ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

തൊഴിലിന്റെ അന്തസ്സ് നിലനിർത്തുന്നതിന് ശരിയായ യൂണിഫോം ധരിക്കാൻ ഉപദേശിക്കണം. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിക്കാൻ തീരുമാനിക്കുമെന്നും ബാർ അസോസിയേഷൻ അറിയിച്ചു.