ഷിന്‍സോ ആബെയുടെ കൊലപാതകത്തെ അഗ്നിപഥ് പദ്ധതിയോട് ബന്ധിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്‌

ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തെ അഗ്‌നിപഥ് പദ്ധതിയുമായി ബന്ധിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം. പാര്‍ട്ടി മുഖപത്രമായ ‘ജാഗോ ബംഗ്ലാ’യിലൂടെയാണ് ടിഎംസി വിമര്‍ശിച്ചിരിക്കുന്നത്.

‘ഷിന്‍സോ ആബെയുടെ കൊലപാതകി പെന്‍ഷന്‍ ലഭിക്കാത്ത നാവികസേനാ ഉദ്യോഗസ്ഥനാണ്. വെടിയുതിര്‍ത്തയാള്‍ പ്രതിരോധ സേനയിലായിരുന്നു. മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം യമഗാമിക്ക് ജോലി നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്‍ഷനൊന്നും ലഭിക്കാത്ത അദ്ദേഹം തൊഴില്‍ രഹിതനായിരുന്നു. ജോലിയില്ലാത്തതിനാല്‍ നിരാശനായാണ് കൊലയാളി അബെയെ ലക്ഷ്യം വെച്ചതെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളെ പ്രതിരോധ സേനയില്‍ ഹ്രസ്വകാലത്തേക്ക് നിയമിക്കാനും പെന്‍ഷനും മറ്റ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും നല്‍കാതെ അവരെ നാല് വര്‍ഷത്തിന് ശേഷം വിടാനുമാണ് മോദി സര്‍ക്കാരും ഉദ്ദേശിക്കുന്നത്’- തൃണമൂല്‍ കുറ്റപ്പെടുത്തി.

അതേസമയം, കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര രാജ്പുത്തും ഇതേ ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. പെന്‍ഷനില്ലാതെ ആര്‍മിയില്‍ ജോലി ചെയ്തിരുന്നയാളാണ് ഷിന്‍സോ ആബെയെ വെടിവെച്ചുകൊന്നതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.