പീഡന കേസ്; പി സി ജോർജ് അറസ്റ്റിൽ

തിരുവനന്തപുരം: പി സി ജോർജ് അറസ്റ്റിൽ. പീഡന കേസിലാണ് പി സി ജോർജ് അറസ്റ്റിലായത്. സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി സി ജോർജിനെതിരെ കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് പി സി ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

2022 ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി പി സി ജോർജ് കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പി സി ജോർജിനെതിരെ ലഭിച്ചിരിക്കുന്ന പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പിസി ജോർജിനെതിരായ കേസ്. 354,354(A) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ പി സി ജോർജിനെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യുകയാണ്. ഇതിനിടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.