വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയെ സമീപിച്ച് യുവനടി

കൊച്ചി: വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് യുവനടി. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം ലഭിച്ചശേഷം മാത്രം വിദേശത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നിർമ്മാതാവും നടനുമായ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് യുവനടി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അഭിഭാഷകനായ രാകേന്ദ് ബസന്ദാണ് നടിയ്ക്ക് വേണ്ടി അപ്പീൽ ഫയൽ ചെയ്തത്.

ജാമ്യത്തിലിറങ്ങിയ പ്രതി തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് ആശങ്കയുണ്ടെന്നും യുവനടി ആരോപിക്കുന്നു. വിജയ് ബാബു വിദേശത്തിരുന്ന് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയൽ ചെയ്തത് തെറ്റാണെന്നും നടി ചൂണ്ടിക്കാട്ടുന്നു. അതേസമയം, സംസ്ഥാന സർക്കാരും വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

എറണാകുളം ടൗൺ പൊലീസും വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേസന്വേഷണത്തിൽ നിന്നും മനപൂർവം ഒളിച്ചോടാനാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്ന് നടി ഹർജിയിൽ ആരോപിച്ചു.