പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം; പനിയുള്ളപ്പോൾ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

ഇടുക്കി: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ജൂൺ മാസം 7932 പനി കേസുകളാണ് ഇടുക്കി ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകർച്ചപ്പനിയാകാൻ സാധ്യതയുണ്ട്. കോവിഡ് -19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുൻഗുനിയ, ചെള്ളുപനി, എച്ച്-1 എൻ1- ചിക്കൻപോക്‌സ്, സിക്ക, കുരങ്ങ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം, ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാൽ പനിയുള്ളപ്പോൾ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണം.

മഴക്കാലമായതിനാൽ സാധാരണ വൈറൽ പനിയാണ് (സീസണൽ ഇൻഫ്‌ളൂവൻസ) കൂടുതലും വരുന്നത്. അതിനാൽ മിക്കപ്പോഴും വിദഗ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല. സാധാരണ വൈറൽപ്പനി സുഖമാവാൻ 3 മുതൽ 5 ദിവസം വരെ വേണ്ടിവരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റാമോൾ പോലും ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം. മാസ്‌ക്ക് ധരിക്കുന്നതും കോവിഡിനോടൊപ്പം പലതരം രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. മഴ നനയാതിരിക്കാൻ ശ്രദ്ധിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടക്ക് വൃത്തിയാക്കണം. പനി മറ്റുള്ളവരിലേക്ക് പകരാതെയിരിക്കാൻ ഇത്തരം ശീലങ്ങൾ സഹായിക്കും. പനി സാധാരണയിൽ കൂടുതലായാൽ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയുണ്ട്. അതിനാൽ പനിയുള്ളപ്പോൾ ഡോക്ടറുടെ നിർദ്ദേശാനുസരണം കുട്ടികൾക്ക് പനി കുറക്കുവാനുള്ള മരുന്നുകൾ ഉടൻതന്നെ നൽകണം. ചൂട് കുറക്കുന്നതിനായി തണുത്ത വെള്ളത്തിൽ തുണി നനച്ച് കുട്ടികളുടെ ശരീരം മുഴുവൻ തുടരെ തുടരെ തുടയ്ക്കുകയും വേണം.

ഹാൻഡ് – ഫൂട്ട് മൗത്ത് ഡിസീസ് (തക്കാളിപ്പനി)

സ്‌കൂളുകളും അങ്കണവാടികളും സജീവമായതോടെയാണ് വീണ്ടും തക്കാളിപ്പനി വ്യാപനമുണ്ടായത്. കുട്ടികൾ അടുത്തിടപഴകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികൾക്ക് ഒരുമിച്ച് രോഗം വരുന്നതും സാധാരണമാണ്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടാതിരിക്കുക. രോഗം പൂർണ്ണമായി മാറിയതിന് ശേഷം മാത്രം പറഞ്ഞയക്കുക.

എന്താണ് ഹാൻഡ് – ഫൂട്ട് മൗത്ത് ഡിസീസ് ?

കുട്ടികളുടെ കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ് – ഫൂട്ട് മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അിറയപ്പെടാറുണ്ട്

രോഗ ലക്ഷണങ്ങൾ

പനി, ക്ഷീണം, സന്ധീവേദന, കൈവെള്ളയിലും വായ്ക്കകത്തും, പൃഷ്ഠഭാഗത്തും കൈകാൽ മുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാന രോഗ ലക്ഷണങ്ങൾ.

വയറുവേദന , ഓക്കാനം, ഛർദി, വയറിളക്കം, എന്നിവയും ഉണ്ടാകാം. ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത കൈകാലുകളിൽ രക്ത ചംക്രമണത്തിന് തടസം എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം തേടുക.

രോഗപകർച്ച

രോഗ ബാധിതരിൽ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങളിൽ നിന്ന് മൂക്കിലെയും തൊണ്ടയിലെയും സ്രവം വഴിയോ ഉമിനീർ തൊലിപ്പുറമേയുള്ള കുമിളകളിൽ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പർക്കം വഴിയോ മറ്റൊരാളിലേക്ക് പകരുന്നു. കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം.

ചികിത്സ

സാധാരണഗതിയിൽ ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണ്ണമായും മാറും. രോഗം വന്നുകഴിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സിക്കുന്നത്. കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും. രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.

പരിചരണം

രോഗം വന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോളും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച് കുമിളകൾ പൊട്ടിക്കരുത്. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ വൃത്തിയുള്ള
തണുപ്പുള്ള ഭക്ഷണം കൊടുക്കുക. നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. ദേഹത്തുവരുന്ന കുരുക്കൾ ചൊറിഞ്ഞ് പൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങൾ കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റ് കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്.

പ്രതിരോധം

മലമൂത്ര വിസർജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ നന്നായി സോപ്പുപയോഗിച്ച കഴുകാൻ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വൈറസ് പടരാതിക്കാൻ മൂക്കും വായും മൂടുകയും ഉടൻ കൈകഴുകകയും വേണം . കുഞ്ഞിനെ ശ്രൂശ്രൂഷിക്കുന്നവർ തൊടുന്നതിന് മുമ്പും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഇത് മറ്റുവള്ളരിലേക്ക് രോഗം പകരുന്നത് തടയും.

രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടൽ ഈ കാലയളവിൽ ഒഴിവാക്കുക.