വസ്തുതാവിരുദ്ധമായ മറുപടി; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍

അടിയന്തരപ്രമേയത്തിനിടെ വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപണമുയര്‍ത്തി മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മകള്‍ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ വസ്തുതാവിരുദ്ധമാണെന്നാരോപിച്ചാണ് മാത്യു കുഴല്‍നാടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയത്.

അതേസമയം, വീണാ വിജയന്റെ മെന്ററാണ് സ്വപ്നയ്ക്ക് ജോലി നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍ ജെയ്ക് ബാലഗോപാല്‍ എന്നും വീണ തന്റെ പറഞ്ഞ ഇക്കാര്യം പിന്നീട് അവരുടെ കമ്പനി വെബ്സൈറ്റില്‍ നിന്ന് ഇല്ലാതായെന്നും മാത്യു കുഴല്‍നാടന്‍ നേരത്തെ് സഭയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ‘മാത്യു കുഴല്‍നാടന്റെ വിചാരം എന്തും എങ്ങനെയും തട്ടിക്കളയാമെന്നാണ്. മകളെപ്പറ്റി പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങിപ്പോകുമെന്നാണോ ധാരണ. അത്തരത്തിലുള്ള ഒരു വ്യക്തിയെ എന്റെ മകള്‍ മെന്റര്‍ ആയി വെച്ചിട്ടേയില്ല. സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. അത്തരം കാര്യങ്ങള്‍ മനസില്‍ വെച്ചാല്‍മതി’ എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്
.