രാഹുല്‍ ഗാന്ധി കേരളത്തില്‍; വയനാട് ജില്ലയില്‍ സുരക്ഷ വര്‍ധിപ്പിച്ചു

മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ 1500 പോലീസുകാരെ വിന്യസിച്ചു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനാണ് എകെജി സെന്ററില്‍ ബോംബെറിഞ്ഞതെന്നും ഇതിന് പിന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

‘ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാന്‍ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ക്രിമിനലുകളുമായി ഇപി ജയരാജന് നല്ല പരിചയമുണ്ട്. അവരില്‍ ആരെയെങ്കിലും വെച്ചായിരിക്കാം ഇത് ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചപ്പോള്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈകാരികമായി പ്രതികരിക്കാന്‍ അനുവദിച്ചിട്ടില്ല. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് ഇതിന്റെ പ്രതികളെ കണ്ടെത്തണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മാത്യു കുഴന്‍നാടന്റെ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനും നാണക്കേട് ഒഴിവാക്കാനും വേണ്ടി ആസൂത്രിതമായാണ് ഇപി ജയരാജന്‍ ഇത് പ്ലാന്‍ ചെയ്തത്’- സുധാകരന്‍ ആരോപിച്ചു.

എന്നാല്‍, ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ വിമോചന സമരത്തിന് സമാനമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ‘എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ് കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഈ ബോംബെറിഞ്ഞയാളെ നാളെ കെപിസിസി സെക്രട്ടറിയായി നിയമിക്കാന്‍ പോലും ലജ്ജയില്ലാത്ത നേതൃത്വമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. ഇടതുപക്ഷ തുടര്‍ഭരണം വന്നതിന് ശേഷം കേളത്തെ കലാപഭൂമിയാക്കി മാറ്റാന്‍ കോണ്‍?ഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. കേസ് അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. അധികാരത്തിലെത്തി കട്ട് മുടിക്കാന്‍ ഇനി കഴിയില്ല എന്ന ചിന്തയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. ആക്രമണത്തിനെതിരെ ജനാധിപത്യപരമായി ഇടത് സംഘടനകള്‍ പ്രതിഷേധിക്കും’- മന്ത്രി വ്യക്തമാക്കി.