ചക്ക കഴിക്കാം; ആരോഗ്യം നേടാം….

പ്രകൃതിദത്തവും ഒട്ടേറെ ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ് ചക്ക. പ്രമേഹം തടയാനും അതിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും ചക്ക സഹായിക്കും. ചക്കയിലെ പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കും. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും ചക്ക കഴിക്കുന്നത് നല്ലതാണ്.

ചക്കയിൽ ധാരാളം മഗ്നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ബലമേകും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചക്ക. ചക്കയിലടങ്ങിയിരിക്കുന്ന ജീവകം എ നിശാന്ധത പോലുള്ള രോഗങ്ങൾ പരിഹരിക്കാൻ സഹായിക്കും. ചക്കയ്ക്ക് മധുരം നൽകുന്ന സൂക്രോസ്, ഫ്രക്ടോസ് തുടങ്ങിയ ഘടകങ്ങൾ എളുപ്പത്തിൽ വിഘടിച്ച് ശരീരത്തിന് ഊർജം നൽകും. ചർമ്മത്തിന് മൃദുത്വം നൽകാനും ചക്ക സഹായിക്കുന്നു.

ജീവകം എ, ജീവകം സി, തയമിൻ, പൊട്ടാസ്യം, കാത്സ്യം, റൈബോഫ്‌ളവിൻ, ഇരുമ്പ് നിയാസിൻ, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കളും ചക്കയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകൾ അടങ്ങിയ ഫലമാണ് ചക്ക. കൊളസ്‌ട്രോൾ കുറയ്ക്കാനും ചക്കയ്ക്ക് കഴിവുണ്ട്.