രാഷ്ട്രീയ താത്പര്യങ്ങൾക്ക് അപ്പുറം ജനക്ഷേമത്തിന് പ്രാധാന്യം നൽകുന്ന നേതാവ്; ഉമ്മൻചാണ്ടിയെ പ്രശംസിച്ച് പിഎസ് ശ്രീധരൻപിള്ള

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രശംസിച്ച് ഗോവ ഗവർണറും ബിജെപി നേതാവുമായ പി എസ് ശ്രീധരൻ പിള്ള. രാഷ്ട്രീയ താത്പര്യങ്ങൾക്ക് അപ്പുറം ജനക്ഷേമത്തിന് പ്രാധാന്യം നൽകുന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. കെ എൻ ആനന്ദകുമാർ രചിച്ച കുഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥയെന്ന പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരോടുള്ള പോലീസ് നടപടിയിൽ ഉമ്മൻ ചാണ്ടി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പോലീസ് ഏകപക്ഷീയമായി പെരുമാറുന്നതായിട്ടാണ് അദ്ദേഹത്തിന്റെ ആരോപണം. കോട്ടയത്ത്, കോൺഗ്രസ് മുൻകൂട്ടി അറിയിച്ച് നടത്തിയ ജാഥയ്ക്ക് നേരെ സിപിഎം ആക്രമണം നടത്തിയിട്ട് പോലും കോൺഗ്രസുകാർക്കെതിരെയാണ് പോലീസ് ആദ്യം കേസ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ രാത്രി കയറിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്തത് സിപിഎം പ്രവർത്തകരാണ്. വയനാട്ടിൽ എംപി ഓഫീസിലെ ഗാന്ധി ചിത്രം കോൺഗ്രസുകാർ നശിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.