മഹാരാഷ്ട്രയിലെ വിമത മന്ത്രിമാരുടെ വകുപ്പുകൾ എടുത്ത് മാറ്റി; ഭരണ നിർവ്വഹണം തടസപ്പെടാതിരിക്കാനാണ് നീക്കമെന്ന് വിശദീകരണം

മുംബൈ: മഹാരാഷ്ട്രയിലെ വിമത മന്ത്രിമാരുടെ വകുപ്പുകൾ എടുത്ത് മാറ്റി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഏക്‌നാഥ് ഷിൻഡേ ഉൾപ്പെടെ 9 മന്ത്രിമാരുടെ വകുപ്പുകളാണ് എടുത്ത് മാറ്റിയത്.

ഉദ്ദവിനൊപ്പം നിൽക്കുന്ന മന്ത്രിമാരായ ആദിത്യ താക്കറെ, സുഭാഷ് ദേശായി, അനിൽ പരബ് തുടങ്ങിയവർക്കാണ് ഈ വകുപ്പുകൾ അധിക ചുമതലയായി നൽകിയത്. പൊതുജനങ്ങളുടെ അവകാശം കൂടിയായ ഭരണ നിർവഹണം തടസപ്പെടാതിരിക്കാനാണ് നീക്കമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, വിമതർ ഔദ്യോഗിക കർത്തവ്യങ്ങൾ മറന്ന് മറ്റൊരു നാട്ടിൽ പോയി ഒളിച്ചിരിക്കുന്നതിനെതിരെ ഒരു പൊതുതാത്പര്യ ഹർജിയും ബോംബൈ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. മന്ത്രിമാരോട് തിരികെ ഓഫീസുകളിലെത്താൻ നിർദ്ദേശിക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

ഇതിനിടെ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു. ഗൊരേഗാവിലെ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കേസിലെ പ്രതികളിലൊരാളായ പ്രവീൺ റാവത്തുമായി സഞ്ജയ് റാവത്തിന് ബന്ധമുണ്ടെന്നാണ് പരാതി.