റോക്കട്രി ദി നമ്ബി ഇഫക്റ്റ്: പ്രത്യേക പ്രദര്‍ശനം നടത്തി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദി നമ്ബി ഇഫക്റ്റിന്റെ പ്രത്യേക പ്രദര്‍ശനം നടത്തി. ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത്. നടന്‍ ആര്‍ മാധവന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം.

മുന്‍ സിബിഐ ഡയറക്ടര്‍ ഡി.ആര്‍ കാര്‍ത്തികേയന്‍, മുന്‍ സിബിഐ ഐജി പി.എം നായര്‍, കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സിനിമാ രംഗത്തെ പ്രമുഖര്‍ എന്നിവരും പ്രദര്‍ശനത്തിനെത്തിയിരുന്നു. ചിത്രം പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ നേട്ടങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച നമ്ബി നാരായണന്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ക്കായി ചിത്രം സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1994 ല്‍ ചാരവൃത്തി ആരോപണ വിധേയനായ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ നമ്ബി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘റോക്കട്രി: ദി നമ്ബി ഇഫക്റ്റ്’. 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘റോക്കട്രി: ദി നമ്ബി ഇഫക്റ്റ്’ പ്രദര്‍ശിപ്പിച്ചു. ആറിലധികം രാജ്യങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച ചിത്രത്തിന്റെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം 2022 ജൂലൈ 1 ന് റിലീസ് ചെയ്യും.