മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതനീക്കം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ അവസാനിപ്പിക്കാനായി വിമതനീക്കം അവസാനിപ്പിച്ച് എംഎല്‍എമാരെല്ലാം മടങ്ങിയെത്തണമെന്ന അഭ്യര്‍ത്ഥനയുമായി വീണ്ടും ഉദ്ധവ് താക്കറെ. തിരികെ മുംബൈയില്‍ എത്തിയാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍, അഭ്യര്‍ഥനയോട് വിമത ക്യാമ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍, വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ 50 എം എല്‍ എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടു. ഉടന്‍ മുംബൈയില്‍ എത്തി അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള ഒരു എംഎല്‍എയെയും ബലം പ്രയോഗിച്ച് കൊണ്ടുവന്നതല്ല. ആരെങ്കിലും ആയി ഉദ്ദവ് താക്കറേ ബന്ധപ്പെടുന്നുണ്ടെങ്കില്‍ അവരുടെ പേര് പുറത്ത് വിടണമെന്ന് ഷിന്‍ഡെ പറഞ്ഞു. ഗുവാഹത്തിയിലുള്ള വിമത എം എല്‍ എമാരുമായി ഉദ്ദവ് താക്കറേ അനുനയനീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അമിത് ഷായുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. ബിജെപി ജനറല്‍ സെക്രട്ടറി അരുണ് സിംഗും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെയുള്ള ഫഡ്‌നവിസിന്റെ ദില്ലി കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രസക്തി കൂടുതലാണെന്ന വിലയിരുത്തലുകളാണ് ഉണ്ടാകുന്നത്.