‘പെറ്റ് അഡോപ്ഷന്‍ ഡ്രൈവു’മായി ‘777 ചാര്‍ളി’ യുടെ അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: രക്ഷിത് ഷെട്ടിയെ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘777 ചാര്‍ലി’ യുടെ ഭാഗമായി കൊച്ചിയില്‍ ‘പെറ്റ് അഡോപ്ഷന്‍ ഡ്രൈവ്’ സംഘടിപ്പിക്കുന്നു. മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം വളരെ മികച്ച പ്രതികരണത്തോടുകൂടി മുന്നേറുന്നതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ മാര്‍ക്കറ്റിംഗ് ടീം ഇന്ന് സരിത സവിത സംഗീത തീയേറ്ററില്‍ ‘ഒരു പെറ്റ് അഡോപ്ഷന്‍ ഡ്രൈവ്’ ഒരുക്കുന്നത്.

തെരുവുനായക്കളെയും അനാഥ നായക്കളെയും സംരക്ഷിക്കുകയും അവര്‍ക്കൊരു ഫോസ്റ്റര്‍ പാരന്റിനെ കണ്ടെത്തി കൊടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഒരു ദിവസത്തെ പരിപാടിയാണ് ഇപ്പോള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പെറ്റ് അഡോപ്ഷന്‍ ഡ്രൈവ്. നായക്കളുടെ രക്ഷപ്രവര്‍ത്തനം ചെയ്യുന്ന ഒരുകൂട്ടം സംഘടനകളും ആള്‍ക്കാരും ഒരുമിച്ച് ചേര്‍ന്ന് നടത്തുന്ന ഈ അഡോപ്ഷന്‍ ഡ്രൈവില്‍ അഭയം തേടുന്ന അനേകം അനാഥ നായക്കുട്ടികള്‍ ഉണ്ടാവും. ഒരു നായക്കുട്ടിയെ വളര്‍ത്തണം അവര്‍ക്ക് ഒരു തുണ നല്‍കണം എന്ന് ആഗ്രഹിക്കുന്ന ആര്‍ക്ക് വേണമെങ്കിലും സൗജന്യമായി ഒരു നായക്കുട്ടിയെ ദത്തെടുക്കാം.

ഇതേ ആശയം മുന്നോട്ടു വക്കുന്ന സിനിമയാണ് ‘777 ചാര്‍ലി’. അഭയം ഇല്ലാതെ അലഞ്ഞുതിരിയുന്ന ഒരു നായക്കുട്ടിക്ക് തന്റെ ബാക്കിയായ ഭക്ഷണം താന്‍ പോലുമറിയാതെ നായക്ക് കൊടുത്തതിന്റെ സ്‌നേഹത്തില്‍ തുടങ്ങുന്ന കഥ പിന്നീട് വളരെ ശക്തമായ ആത്മബന്ധത്തിനെയാണ് കാണിച്ചു തരുന്നത്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ 5 ഭാഷകളിലായി ജൂണ്‍ 10 നാണ് ‘777 ചാര്‍ലി’ തിയേറ്റര്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ തന്നെ ധര്‍മ്മയെയും ചാര്‍ലിയെയും കാണാന്‍ വന്‍ ജനസാഗരമാണ് തിയേറ്ററുകളിലേക്കെത്തിയത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രം പ്രേക്ഷകഹൃദയത്തോടൊപ്പം ബോക്‌സ് ഓഫീസും കീഴടക്കി മുന്നേറുകയാണ്.