മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി; പ്രശ്ന പരിഹാരത്തിന് തീവ്രശ്രമങ്ങളുമായി ഉദ്ധവ് താക്കറെ, തന്ത്രങ്ങളുമായി ബിജെപിയും

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സഖ്യസർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡെയും വിമത എംഎൽഎമാരും, മുങ്ങി ഗുജറാത്തിലെ സൂറത്തിലേക്ക് പോയതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. ശിവസേന, എൻസിപി, സ്വതന്ത്രൻ എന്നിവരെല്ലാം അടങ്ങുന്ന വിമത എംഎൽഎമാരെ, സൂറത്തിൽ നിന്ന് അസമിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഇതിനായി 150 സീറ്റുള്ള ചാർട്ടർ വിമാനം സൂറത്ത് വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.

അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ മഹാവികാസ് അഘാഡി നേതാക്കളുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രിസഭായോഗം വിളിക്കാനും അദ്ദേഹം തീരുമാനിച്ചു. ശിവസേന നേതാക്കൾ സൂറത്തിലെത്തി മുഖ്യമന്ത്രിയുടെ സന്ദേശം ഏക്നാഥ് ഷിൻഡെയ്ക്കു കൈമാറി. രണ്ടു മണിക്കൂറോളം ഇവർ ഷിൻഡെയുമായി സംസാരിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉദ്ധവ് ഷിൻഡെയോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. അതേസമയം ഷിൻഡെയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ തയാറാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ വ്യക്തമാക്കിയത്. ഉപമുഖ്യമന്ത്രിയാക്കണമെന്ന് ബിജെപിയോട് ഏക്നാഥ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

തുടർ നീക്കങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി ബിജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലേക്ക് പോയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഭരണം പിടിച്ചെടുക്കാനുള്ള ശക്തമായ കരുനീക്കങ്ങൾ ബിജെപി നടത്തുന്നുണ്ട്.