രാഹുൽ ഗാന്ധിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് നടപടി: പ്രതിഷേധ വേദി ജന്തർമന്ദറിലേക്ക് മാറ്റി കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. പ്രതിഷേധ പ്രകടനത്തിന്റെ വേദി ജന്തർമന്ദറിലേക്ക് മാറ്റിയതായി കോൺഗ്രസ് അറിയിച്ചു. തിങ്കളാഴ്ച്ച രാവിലെ 10 മണി മുതലാണ് ജനതർമന്ദറിൽ പ്രതിഷേധം നടക്കുന്നത്. എഐസിസിയിൽ നിന്നുള്ള പ്രതിഷേധം പൊലീസ് തടയുന്നതിനാലാണ് വേദി ജന്തർമന്ദറിലേക്ക് മാറ്റിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

നാഷണൽ ഹെറാൾഡ് കേസിൽ നാളെ രാവിലെ പതിനൊന്ന് മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാണ് രാഹുൽ ഗാന്ധിക്ക് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് നൽകിയിരിക്കുന്ന നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ ചോദ്യം ചെയ്‌തെങ്കിലും രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചത്. തുടർന്നാണ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

അതേസമയം, രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കാണും.