ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. മൂന്ന് തവണ ചോദ്യം ചെയ്‌തെങ്കിലും രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം, എഐസിസി ആസ്ഥാനത്തേക്കുള്ള വഴി ഡല്‍ഹി പോലീസ് അടച്ചിട്ടുണ്ട്. ജന്ദര്‍മന്ദറിലാണ് ഇന്ന് പ്രതിഷേധ വേദി തയ്യാറാക്കിയിരിക്കുന്നത്. എംപിമാരടക്കമുള്ള നേതാക്കളെ വേദിയിലേക്ക് എത്തുന്നതില്‍ നിന്ന് പോലീസ് തടയുന്നുവെന്ന ആക്ഷേപം കോണ്‍ഗ്രസിനുണ്ട്. ‘കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഈ ഫാസിസ്റ്റ് ഭരണം സാക്ഷിയാകും. ശക്തമായ പ്രതിഷേധം ഇന്നും തുടരും. പ്രവര്‍ത്തകരെ ഇങ്ങോട്ട് വരാന്‍ പോലും അനുവദിക്കാത്ത ഡല്‍ഹി പോലീസിന്റെ നടപടയില്‍ ശക്തമായ പ്രതിഷേധമുണ്ട്’- പ്രതിഷേധ വേദിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെളിവുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടി. മൂന്ന് ദിവസം കൊണ്ട് മുപ്പത് മണിക്കൂറോളമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. എന്നാല്‍, നിഴല്‍ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്കായില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയെന്നും ഇക്കാര്യത്തില്‍ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം.

