അഗ്നിപഥ് റിക്രൂട്ട്‌മെന്റ്; മാര്‍ഗരേഖ പുറത്തുവിട്ട് വ്യോമസേന

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയുടെ വിശദമായ മാര്‍ഗരേഖ പുറത്ത് വിട്ട് വ്യോമസേന. വിദ്യാഭ്യാസ യോഗ്യത, മൂല്യനിര്‍ണയം, അവധി, ലൈഫ് ഇന്‍ഷുറന്‍സ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിശദമായി വിവരിക്കുന്ന മാര്‍ഗരേഖയാണ് വ്യോമസേന പുറത്തുവിട്ടത്. റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളില്‍ ക്യാമ്പസ് ഇന്റര്‍വ്യു നടത്താനാണ് തീരുമാനം.
നിലവില്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്കും അഗ്‌നിപഥ് സ്‌കീമില്‍ അപേക്ഷിക്കാം. എന്നാല്‍, അപേക്ഷിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി വേണമെന്നും മാര്‍ഗരേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, രാജ്യത്തെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അഗ്‌നിപഥ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. 17.5 വയസു മുതല്‍ 21 വയസു വരേയുള്ളവരേയാണ് പരിഗണിക്കുന്നത്. വര്‍ഷത്തില്‍ 30 ദിവസമായിരിക്കും അവധി. മെഡിക്കല്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രോഗബാധിത അവധിയും ഉണ്ടായിരിക്കും. നാല് വര്‍ഷത്തില്‍ 10.04 ലക്ഷം രൂപയായിരിക്കും സേവാ നിധി പാക്കേജ് പ്രകാരം അഗ്‌നിപഥ് സ്‌കീമില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കുക. ആദ്യ വര്‍ഷം, മാസത്തില്‍ 30,000 രൂപയായിരിക്കും ലഭിക്കുക. വസ്ത്രം, യാത്ര തുടങ്ങിയവയ്ക്കുള്ള അലവന്‍സ് ഇതിന് പുറമെ നല്‍കും. പ്രൊവിഡന്റ് ഫണ്ട് സര്‍ക്കാരിന് നല്‍കേണ്ട ആവശ്യമില്ല. പ്രവര്‍ത്തന കാലയളവില്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും ലഭിക്കും.

പ്രതിരോധ മന്ത്രാലയ വകുപ്പുകളിലും അര്‍ധസൈനിക വിഭാഗത്തിലും 10% സംവരണം നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളിലും അസം റൈഫിള്‍സിലും 10 ശതമാനം സംവരണം നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു. വിമുക്തഭടര്‍ക്ക് നിലവില്‍ നല്‍കിവരുന്ന 10 ശതമാനം സംവരണത്തിനു പുറമേയാണിത്. അര്‍ധസൈനിക വിഭാഗങ്ങളിലും അസം റൈഫിള്‍സിലും നിയമനം ലഭിക്കാനുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നുവര്‍ഷത്തെ ഇളവ് നല്‍കും. ആദ്യ ബാച്ചിലുള്ളവര്‍ക്ക് ഇളവ് അഞ്ചുവര്‍ഷത്തേക്ക് അനുവദിക്കും.