തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരിയായി പ്രവർത്തിച്ച അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടക്കുന്നതിനിടെ നിയമസഭാ സമുച്ചയത്തിൽ കയറിയതിൽ പ്രതികരണവുമായി റവന്യു മന്ത്രി കെ രാജൻ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അനിതയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി സ്പീക്കറുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തിയത്. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവർ സജീവമായിരുന്നു. സഭാ സമ്മേളനം സമാപിച്ച് മാധ്യമങ്ങൾ ചുറ്റും കൂടിയപ്പോൾ നിയമസഭയുടെ വാച്ച് ആൻഡ് വാർഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിൽ അനിത അംഗമായിരുന്നു. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോൻസൺ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരെ ഉയർന്ന പരാതി.

