സ്വപ്‌ന സുരേഷിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ്; നോട്ടീസ് നൽകും

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്. അടുത്തയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടീസ് നൽകുമെന്ന് ഇഡി അറിയിച്ചു.

അതേസമയം, കസ്റ്റംസിന് മറ്റ് രണ്ട് കേസുകളിലായി സ്വപ്ന സുരേഷ് നൽകിയ രണ്ട് രഹസ്യമൊഴികൾ ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സ്വപ്ന സുരേഷ് കോടതിയ്ക്ക് നൽകിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ചു. അന്വേഷണവുമായി പോകാൻ കൊച്ചി യൂണിറ്റിന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയ 164 സ്റ്റേറ്റ്‌മെന്റിൽ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 164 മൊഴിയിലെ വിവരങ്ങൾക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്ന നടപടികളാണ് എൻഫോഴ്‌സ്‌മെന്റ് ഇപ്പോൾ നടത്തുന്നത്.