യൂസഫലി നടത്തിയ പരാമർശം ദൗർഭാഗ്യകരം; രാഷ്ട്രീയ കാരണങ്ങളാലാണ് ലോക കേരള സഭയിൽ പ്രതിപക്ഷം പങ്കെടുക്കാത്തതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ലോക കേരള സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ച വിഷയത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നടത്തിയ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ‘വ്യവസായ പ്രമുഖനായ യൂസഫലി അഖില കേരള ലോകസഭയിൽ നടത്തിയ പരാമർശം ദൗർഭാഗ്യകരമാണെന്ന് വി ഡി സതീശൻ പറഞ്ഞു. ഇന്നലെ രാവിലെ അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ കാരണങ്ങളാലാണ് പങ്കെടുക്കാത്തത്. യു.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനമാണ്. കാരണം, കേരളത്തിൽ കെ.പി.സി.സി ഓഫീസ് തകർക്കുകയും കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ച് കടക്കുകയും ഗാന്ധി പ്രതിമ തകർക്കുകയും നിരവധി കോൺഗ്രസ് ഓഫീസുകൾ ബോംബിട്ട് തകർക്കുകയും തീ വച്ച് നശിപ്പിക്കുകയും ചെയ്തു. സി.പി.എമ്മുകാരുടെ മർദനമേറ്റ് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലാണ്. ഒരാളുടെ കണ്ണ് നഷ്ട്ടപ്പെടും എന്ന സ്ഥിതിയിലാണ്. ഈ അവസരത്തിൽ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിൽ പ്രയാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അല്ലാതെ മറ്റൊരു കാരണവുമില്ല. ഇതല്ലാതെ മറ്റൊരു കാരണവും താൻ അദ്ദേഹത്തോട് സൂചിപ്പിച്ചിട്ടില്ല. ഇതെല്ലാം അറിഞ്ഞുകൊണ്ട് ഭക്ഷണം പ്രവാസികൾക്ക് നൽകുന്നതും താമസം കൊടുക്കുന്നതുമാണ് ഞങ്ങൾ എതിർക്കുന്നതെന്ന് പറഞ്ഞത് ശരിയായ നടപടിയല്ല. അദ്ദേഹം തെറ്റായൊരു പ്രസ്താവനയാണ് നടത്തിയത്. അതിനെ ഞാൻ വളരെ ദൗർഭാഗ്യകരം എന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. ധൂർത്തിനെക്കുറിച്ച് ഞങ്ങൾ പറഞ്ഞിട്ടുള്ളത് തുടക്കത്തിലാണ്. ശങ്കരനാരായണൻ തമ്പി ഹാൾ നല്ലൊരു ഹാൾ ആയിരുന്നു. അതിന്റെ ഇന്റീരിയറിന് വേണ്ടി ഊരാളുങ്കൽ സൊസൈറ്റിക്ക് 16 കോടിയുടെ കരാർ കൊടുത്തതിൽ അഴിമതിയുണ്ട്. ഇത് ധൂർത്താണെന്നും അദ്ദേഹം അറിയിച്ചു.

പുറത്ത് നിന്ന് വരുന്ന പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതോ താമസം ഒരുക്കുന്നതോ ധൂർത്തെന്ന് ഒരു പ്രതിപക്ഷ നേതാവും പറഞ്ഞിട്ടില്ല. സിപിഎം നേതൃത്വം ട്വിസ്റ്റ് ചെയ്യാൻ നോക്കുകയാണ്. അത് തെറ്റായ കാര്യമാണ്. സഹകരിക്കാമെന്ന് കരുതി ലിസ്റ്റ് കൊടുത്തതാണ്. ഇവിടെ വന്ന പ്രതിനിധികളോട് പങ്കെടുക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടതാണ്. യു.ഡി.എഫിന്റെ തീരുമാനമായിരുന്നു. നേതാക്കൾ മാറിനിന്നപ്പോൾ ഞങ്ങളുമായി ബന്ധമുള്ള സംഘടന പ്രതിനിധികളും പങ്കെടുക്കാൻ മടിച്ചതാണ്. എന്നാൽ ഇതിനായി ഇത്രയും ദൂരം വന്നവരെ നിർബന്ധിച്ച് അയച്ചതാണ്. തങ്ങൾ പോകേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ അവർ പോകുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ നൂറുകണക്കിന് പ്രവർത്തകർ രണ്ട് സഭകൾ നടന്നിട്ടും എന്തെല്ലാം ചെയ്തു എന്നത് വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് സംബന്ധിച്ച വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല. ഒരു യുക്തിയുമില്ലാത്ത ചെലവാണ് ഹാളുമായി ബന്ധപ്പെട്ട് നടത്തിയതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.