കൊച്ചി: മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണ രാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത്. മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോയാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി.ആര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
‘ഹൂറികളെ തേടിയുള്ള തീര്‍ത്ഥ യാത്ര. കൊണ്ടോട്ടിയില്‍ നിന്നും കാബൂളിലേക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക സര്‍വീസ്. ആട് മേക്കാന്‍ താല്പര്യം ഉള്ള ആര്‍ക്കും കേറാം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം’ എന്ന തലക്കെട്ടിലാണ് അഡ്വ. കൃഷ്ണ രാജ് ഫോട്ടോ പങ്കുവച്ചത്. എന്നാല്‍, തിരുവനന്തപുരം തമ്പാനൂരില്‍ നിന്നു മാവേലിക്കരയിലേക്ക് പോകുന്ന ബസില്‍ നിന്നെടുത്ത ചിത്രമാണിതെന്ന അവകാശവാദത്തോടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രചരണം ഏറ്റെടുത്തതോടെ കെഎസ്ആര്‍ടിസി വിശദീകരണവുമായി രംഗത്തെത്തി. അതേസമയം, ചിത്രത്തില്‍ കാണുന്ന ഡ്രൈവര്‍ മവേലിക്കര ഡിപ്പോയില്‍ ജോലി ചെയ്യുന്നയാളാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡ്രൈവര്‍മാരുടെ യൂണിഫോമായ ആകാശനീല ഷര്‍ട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നതെന്നും കെഎസ്ആര്‍ടിസി മാവേരിക്കര ഡിപ്പോയിലെ അധികൃതര്‍ പറഞ്ഞിരുന്നു. ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം നടത്തി സത്യാവസ്ഥ വെളിപ്പെടുത്തി. വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഡ്രൈവര്‍ പി. എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തിയിരുന്നു.

