സെര്‍ച്ച് എന്‍ജിനുമായി ആപ്പിളും!

ഗൂഗിളിന്റെ കുത്തകയായ സെര്‍ച്ച് എന്‍ജിന്‍ മേഖലയിലേക്ക് ആപ്പിളും വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും ആപ്പിളിന്റെ സെര്‍ച്ച് എന്‍ജിന്‍ എന്നും പ്രതീക്ഷിക്കുന്നു. ആപ്പിള്‍ പുതിയ ഉപയോക്തൃ കേന്ദ്രീകൃത വെബ് സെര്‍ച്ചിങ് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, 2023 ജനുവരിയില്‍ ഇത് സംബന്ധിച്ച് ആപ്പിള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. 2023 ഡബ്ല്യുഡബ്ല്യുഡിസി യില്‍ ആപ്പിള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റില്‍ സെര്‍ച്ച് എന്‍ജിനും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ടെക് ബ്ലോഗര്‍ റോബര്‍ട്ട് സ്‌കോബിള്‍ പറയുന്നു. ഒരു സെര്‍ച്ച് എന്‍ജിന്‍ തുടങ്ങുന്നതിനെക്കുറിച്ച് ആപ്പിള്‍ ഒന്നിലധികം തവണ ചര്‍ച്ച നടത്തിയിട്ടുമുണ്ട്.

ഡബ്ല്യുഡബ്ല്യുഡിസി 2023 എക്കാലത്തെയും ഏറ്റവും വലിയൊരു ഉല്‍പന്ന ലോഞ്ചായിരിക്കുമെന്നും സെര്‍ച്ച് എന്‍ജിന്‍ മിക്കവാറും ജനുവരിയില്‍ പ്രഖ്യാപിക്കുമെന്നും റോബര്‍ട്ട് സ്‌കോബിള്‍ പറഞ്ഞു. ആ വര്‍ഷം തന്നെ ആപ്പിള്‍ ഏറ്റവും പുതിയ ഐഒഎസ് 16, ഐപാഡ് ഒഎസ് 16, വാച്ച്ഒഎസ്, മാക്ഒഎസ് 13 എന്നിവ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓള്‍വെയ്‌സ്-ഓണ്‍ ഡിസ്‌പ്ലേ (AoD) ഫീച്ചര്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്, വണ്‍പ്ലസ് തുടങ്ങി ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ ഓള്‍വെയ്‌സ്-ഓണ്‍ ഡിസ്പ്ലേകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോണ്‍ 14 സീരീസില്‍ ആപ്പിള്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഐഫോണ്‍ 14 പ്രോ മോഡലുകള്‍ 120Hz റിഫ്രഷ് റേറ്റുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പതിപ്പുകള്‍ക്ക് 1Hz മുതല്‍ 120Hz വരെ റിഫ്രഷ് റേറ്റ് ക്രമീകരിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇത് ഒരു നിശ്ചിത അളവ് ബാറ്ററി ലാഭിക്കാന്‍ സഹായിക്കും. ഇതിനാല്‍ എഒഡി ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ റിഫ്രഷ് റേറ്റ് സ്വയമേവ 1Hz ആയി കുറയും. ഡബ്ല്യുഡബ്ല്യുഡിസിയില്‍ എം2 മാക്ബുക്, എം2 മാക്ബുക് എയര്‍, എം2 മാക്ബുക് മിനി എന്നിവ ആപ്പിള്‍ പുറത്തിറക്കുമെന്ന് ടിപ്സ്റ്റര്‍ ലീക്‌സ്ആപ്പിള്‍ പ്രോ പ്രവചിക്കുന്നു.