ഉത്തർപ്രദേശിൽ സമൂഹ വിവാഹം; മംഗല്യ സൗഭാഗ്യം ലഭിച്ചത് 12,000 ദമ്പതികൾക്ക്, മുഴുവൻ ചെലവും സർക്കാർ വക

ലഖ്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന സമൂഹ വിവാഹത്തിൽ പുതുജീവിതം ലഭിച്ചത് 12,000 ദമ്പതികൾക്ക്. മുഖ്യമന്ത്രിയുടെ ‘സാമൂഹിക് വിവാഹ് സ്‌കീമിന്’ കീഴിലാണ് സംസ്ഥാനത്തുടനീളമുള്ള 60 ജില്ലകളിൽ നിന്നുള്ള 12000 ദമ്പതികൾക്ക് മംഗല്യ സൗഭാഗ്യം ലഭിച്ചത്. ദരിദ്ര കുടുംബങ്ങളിലെ ആളുകളുടെ വിവാഹം നടത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. വിവാഹ ചടങ്ങിന്റെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. വരന്മാരുടെ കുടുംബങ്ങളെ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരുമാണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്.

2017 ലാണ് സാമൂഹിക് വിവാഹ് സ്‌കീം ആരംഭിച്ചത്. അതേസമയം, ലഖ്‌നൗവിൽ മോഹൻ റോഡിൽ നടന്ന പരിപാടിയിൽ ദമ്പതികളെ അനുഗ്രഹിക്കാൻ സാമൂഹ്യക്ഷേമ മന്ത്രി അസിം അരുൺ പങ്കെടുത്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ചടങ്ങുകളിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ജൂൺ 17 ന് മറ്റൊരു സമൂഹ വിവാഹം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും ചടങ്ങിൽ 6,000 മുതൽ 7,000 ദമ്പതികൾ വിവാഹിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.