കണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ചില്‍ പോലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നോട്ടീസ്. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത് കെ. സുധാകരനാണ്. കണ്ണൂര്‍ സിറ്റി അസി കമ്മീഷണറാണ് സുധാകരന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കണ്ണൂരിലെ മാര്‍ച്ചിനിടെ കളക്ടറേറ്റിലേക്കും പോലീസിന് നേരെയും കുപ്പിയേറ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മാര്‍ച്ചിന്റെ ഉദ്ഘാടകന്‍ എന്ന നിലയ്ക്ക് അക്രമ സംഭവങ്ങളുണ്ടായാല്‍ സുധാകരനെതിരെ കേസെടുക്കുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളില്‍ നിന്നായി 200ഓളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്.

