തെറ്റിപ്പോയോ? ഡിലീറ്റ് ചെയ്യേണ്ട; സന്ദേശം തിരുത്താനുള്ള ഓപ്ഷനുമായി വാട്‌സ്ആപ്പ്‌

സന്ദേശങ്ങള്‍ അയക്കാനും ചിത്രങ്ങളും വീഡിയോകളും ഡോക്യുമെന്റുകളുമെല്ലാം പങ്കുവെക്കാനും സാധിക്കുന്ന ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് സാധാരണക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. ഇപ്പോഴിതാ വാട്സാപ്പ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന പല പുതിയ മാറ്റങ്ങളും മെറ്റ അധികൃതര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വാട്സാപ്പില്‍ ഒരു മെസേജ് അയച്ചുകഴിഞ്ഞാല്‍ പിന്നീട് അത് തിരുത്താനുള്ള ഓപ്ഷന്‍ നിലവിലില്ല. തെറ്റിപോയെന്ന് തോന്നിയാല്‍, അല്ലെങ്കില്‍ പിന്‍വലിക്കണമെന്ന് കരുതിയാല്‍ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് വാട്സാപ്പ് മെസേജ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉടന്‍ നടപ്പിലാക്കുമെന്നാണ് വിവരം. ആപ്ലിക്കേഷന്റെ ബീറ്റ വേര്‍ഷനില്‍ എഡിറ്റ് ബട്ടണ്‍ ടെസ്റ്റ് ചെയ്യാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

എഡിറ്റ് ഓപ്ഷന്‍ നിലവില്‍ വരുന്നതോടെ വാട്സാപ്പില്‍ അയച്ച മെസേജ് തിരുത്താന്‍ സാധിക്കും. കോപ്പി, ഫോര്‍വേഡ്, തുടങ്ങിയ ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും നിലവില്‍ വരിക. ഇതോടെ അക്ഷരത്തെറ്റുകള്‍ തിരുത്താനും ടൈപ്പ് ചെയ്തതിലെ മറ്റ് പിഴവുകള്‍ മാറ്റി ഒരിക്കല്‍ അയച്ച മെസേജ് തിരുത്തി നല്‍കാനും കഴിയും. എഡിറ്റ് ഹിസ്റ്ററി കാണാന്‍ ഉപയോക്താവിന് കഴിയുമോയെന്ന കാര്യത്തില്‍ നിലവില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുതിയ മാറ്റം ഉടന്‍ തന്നെ നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.