ബെയ്ജിംഗ്: ഇന്ത്യയെ പ്രശംസിച്ച് ചൈന. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്കയ്ക്ക് സാദ്ധ്യമായ എല്ലാ രീതിയിലും സഹായം നൽകുന്ന ഇന്ത്യയുടെ നയം അനുകരണീയമെന്ന് ചൈന വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉന്നമനത്തിനായി ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചൈന അറിയിച്ചു. ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ശ്രീലങ്കയ്ക്ക് ഒപ്പം നിൽക്കുന്ന ഇന്ത്യയുടെ നിലപാട് പ്രത്യേക പരാമർശം അർഹിക്കുന്നു. ഇന്ത്യൻ സർക്കാർ ശ്രീലങ്കയ്ക്കുള്ള സഹായങ്ങൾ ചൈന കൃത്യമായി വിലയിരുത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉന്നമനത്തിനായി ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ചൈന ആഗ്രഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, 3.3 ടൺ അവശ്യമരുന്നുകൾ ഇന്ത്യ ശ്രീലങ്കയ്ക്ക് സംഭാവന നൽകിയിരുന്നു. അയൽരാജ്യങ്ങൾക്ക് സഹായം നൽകാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി അനുസരിച്ചാണ് ശ്രീലങ്കയ്ക്ക് ഇന്ത്യ സഹായം നൽകുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് ശേഷം മാത്രം 25 ടൺ മരുന്നുകൾ ഉൾപ്പെടെ 370 മില്ല്യൺ രൂപയുടെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയിരുന്നു. കൂടാതെ 3.5 ബില്ല്യൺ ഡോളറിന്റെ അരിയും പാൽപ്പൊടിയും മണ്ണെണ്ണയും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളും ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു.

