യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ദേശീയ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസിനെ തെരഞ്ഞെടുത്തു

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എംപി തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ സെക്രട്ടറിയായി വിദ്യാ ബാലകൃഷ്ണൻ തുടരുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ദേശീയ സെക്രട്ടറിമാരുടെ പട്ടികയിൽ പി.എൻ വൈശാഖും ഇടംനേടിയിട്ടുണ്ട്. അതേസമയം, യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെല്ലിന്റെ ചെയർമാനായി ചാണ്ടി ഉമ്മനെ തെരഞ്ഞെടുത്തു.

യുവജനതയുടെ പ്രശ്നങ്ങളിൽ കൂടുതൽ ശക്തമായി ഇടപെടുകയും അവരെ യൂത്ത് കോൺഗ്രസിനോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുക എന്നതാണ് ഔട്ട്റീച്ച് സെല്ലിന്റെ ലക്ഷ്യമെന്ന് ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. വനിതകൾ, ദളിത്, പിന്നാക്ക, ആദിവാസി തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും പ്രശ്നങ്ങൾ നേരിടുന്നവരെ ചേർത്തുനിർത്തുകയും അവരെ യൂത്ത് കോൺഗ്രസിലേക്ക് അടുപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ടീം രൂപീകരിച്ച് പ്രവർത്തിക്കുക എന്നതാണ് ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.