രാജ്യസഭാ തിരഞ്ഞെടുപ്പ്: കാലുവാരല്‍ ഭയന്ന് പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: രാജ്യസഭയിലെ 16 സീറ്റിലേക്ക് കടുത്ത മത്സരം നടക്കുന്നു. 15 സംസ്ഥാനങ്ങളിലായി 57 സീറ്റില്‍ 41 എണ്ണത്തിലും സ്ഥാനാര്‍ഥികള്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജസ്ഥാന്‍, ഹരിയാണ, മഹാരാഷ്ട്ര, കര്‍ണാടകം എന്നിവിടങ്ങളിലെ 16 സീറ്റിലേക്കാണ് നിലവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം, കുതിരക്കച്ചവടവും കൂറുമാറ്റവും ഭയന്ന് പാര്‍ട്ടികള്‍ എം.എല്‍.എ.മാരെ റിസോര്‍ട്ടുകളിലേക്ക് നേരത്തേ തന്നെ മാറ്റിയിരുന്നു. ഇവിടെ നിന്ന് എംഎല്‍എമാരെ നേരിട്ട് നിയമസഭകളിലേക്കാകും എത്തിക്കുക.

രാജസ്ഥാനില്‍, മത്സരിക്കുന്ന മൂന്നുസീറ്റും കിട്ടുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഹരിയാണയില്‍ രണ്ടുവോട്ട് മറിഞ്ഞാല്‍ സ്ഥാനാര്‍ഥി അജയ് മാക്കന്‍ തോല്‍ക്കും. കാലുമാറ്റഭീഷണി രണ്ടിടത്തും പാര്‍ട്ടിക്ക് ആശങ്കയുയര്‍ത്തുന്നുണ്ട്. ഹരിയാണയില്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ഛത്തീസ്ഗഢിലാണ് എത്തിച്ചത്. ജെ.ജെ.പി. അംഗങ്ങളും ഇവിടെ റിസോര്‍ട്ടിലാണ് താമസം. ഹരിയാണയിലും രാജസ്ഥാനിലുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ സ്ഥനാര്‍ഥിത്വം, കര്‍ണാടകയില്‍ ബിജെപിയും ജെഡിഎസും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ ഇറക്കിയത്, മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും അധിക സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയത് എന്നിവയാണ് ഈ നാല് സംസ്ഥാനങ്ങളിലും രാജ്യസഭാ തിരഞ്ഞെടുപ്പ് കടുത്ത മത്സരത്തിലേക്കെത്തിച്ചത്.