‘ജനഗണമന’ നെറ്റ്ഫ്‌ളിക്‌സ് ട്രെന്‍ഡിംഗില്‍ ഒന്നാമത്‌

കൊച്ചി: തിയേറ്ററിലെ വിജയത്തിന് ശേഷം ഒടിടിയില്‍ എത്തിയ പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ജന ഗണ മന’ നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്റിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങള്‍ ഒരു ഇന്ത്യന്‍ സിനിമ വാഗ്ദാനം ചെയ്യുന്നുവെന്ന് കുറിച്ചാണ് ഇവര്‍ ചിത്രത്തിന്റെ പോസ്റ്ററും പങ്കുവച്ചത്.

പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 2നാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രദര്‍ശനം ആരംഭിച്ചത്. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

രാജ്യത്തെ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ച ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ വാരം മുതല്‍ ലഭിച്ചത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം നടത്താന്‍ സാധിച്ചു. ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തിയ ചിത്രം 26 ദിവസങ്ങളില്‍ 50 കോടിയാണ് നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.